കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ഒ. ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചതെന്നും, എന്നാൽ മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് തുടരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനൽ വഴിയാണ് പ്രസിദ്ധീകരിച്ചതെന്ന് ജനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലാണ് പോസ്റ്റ് പങ്കുവെച്ചതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ തന്നെ അത് പ്രചരിക്കുന്നത് ഒഴിവാക്കുന്നതിനായി ഓഫീസ് നിർദേശപ്രകാരമാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് നീക്കം ചെയ്യുന്ന സമയത്ത് താൻ പൊതുപരിപാടികളിൽ പങ്കെടുക്കുകയായിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ജനീഷ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് പിൻവലിച്ചതെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ജനീഷ് വ്യക്തമാക്കി.
അതേസമയം, അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാർക്കെതിരെ യുവമോർച്ച നടത്തുന്ന കരിങ്കൊടി പ്രതിഷേധം രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു. പോസ്റ്റ് നീക്കം ചെയ്തതിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തിയതും മടങ്ങിയതും അറിയാതെ ഉറക്കത്തിലായിരുന്നുവെന്ന പരാമർശവും ജനീഷ് നടത്തി.
കൊല്ലത്താണ് അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളിൽ പങ്കെടുക്കുന്നതിനായി അമിത് ഷാ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.












