തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്റെ ലഹരിവേട്ട. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പനവൂർ സ്വദേശി അരവിന്ദ് എസ്. (29), മണമ്പൂർ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എ., പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് ആർ.എസ്., അജയൻ കെ., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ് എം. എന്നിവരും സിവിൽ എക്സൈസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.




