തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലൊന്നിന്റെ മുന്നിലുള്ള പ്രധാന തടസങ്ങൾ നീങ്ങി.
62.70 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഔട്ടർ റിങ് റോഡ് നിർമിക്കുന്നത്. 8,398.46 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. റോഡ് നിർമാണത്തിനായി 314.05 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഇതിൽ 94 ശതമാനവും സ്വകാര്യ ഭൂമിയാണ്.
പദ്ധതിയുടെ ഭാഗമായി നദികൾ, തണ്ണീർത്തടങ്ങൾ എന്നിവ നികത്തുകയോ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുകയോ ചെയ്യരുതെന്ന കർശന വ്യവസ്ഥയും പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്.
റോഡ് നിർമാണത്തിനായി ഏകദേശം 21,000 മരങ്ങൾ മുറിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പകരമായി 2.10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും അനുമതിയുടെ ഭാഗമായി നിർദേശമുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഔട്ടർ റിങ് റോഡ് നിർണായക പദ്ധതിയായാണ് കണക്കാക്കുന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനാകും.




