ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിച്ചു. ‘വെട്രി പയണം തിട്ടം’ എന്ന പേരിലുള്ള വിപുലീകരിച്ച പദ്ധതിക്ക് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കോയമ്പേട് ബസ് ടെർമിനലിൽ തുടക്കം കുറിച്ചു.
പുതിയ പദ്ധതി പ്രകാരം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസിൽ ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതോടെ സംസ്ഥാനത്തെ 69 ശതമാനം സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. യാത്രയ്ക്ക് ദൂരപരിധിയോ വരുമാന പരിധിയോ ഉണ്ടാകില്ല.
സ്ത്രീകളെയും ട്രാൻസ്ജെൻഡർ വിഭാഗത്തെയും പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് പദ്ധതി പ്രാബല്യത്തിൽ വന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചെങ്ങൽപട്ട്, തിരുപ്പൂർ ജില്ലകളിൽ പദ്ധതി താൽക്കാലികമായി നടപ്പാക്കിയിട്ടില്ല.
അഞ്ച് വർഷം മുമ്പ് ആരംഭിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ വിപുലീകരിച്ച രൂപമാണിത്. നഗരങ്ങളിലെ വിവിധ വിഭാഗം ബസുകൾക്ക് പുറമെ മൊഫ്യൂസിൽ മേഖലയിലെ ഓർഡിനറി ബസുകളിലും 40 കിലോമീറ്ററിന് മുകളിലുള്ള മലയോര മേഖലകളിലെ ഓർഡിനറി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏഴ് ഗതാഗത കോർപ്പറേഷനുകളുടെ കീഴിലുള്ള 18,413 ബസുകളിൽ 12,695 ബസുകൾ പദ്ധതിയുടെ പരിധിയിൽ വരും. ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിലൂടെ തമിഴ്നാട് സർക്കാരിന് പ്രതിവർഷം ഏകദേശം 6,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീ ശാക്തീകരണവും സാമൂഹിക പുരോഗതിയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.




