മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധം മുംബൈയിൽ ഇന്ന് നടക്കും. ശിവാജി പാർക്കിൽ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് ശിവാജി പാർക്കിലെ ഗേറ്റ് നമ്പർ ആറിന് സമീപമാണ് പ്രതിഷേധം നടത്താൻ സിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്യാനേഷ് കുമാറിന്റെ രാജി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കൽ എന്നിവയാണ് സിജെപിയുടെ പ്രധാന ആവശ്യങ്ങൾ. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സിജെപി അറിയിച്ചു.
മുംബൈയിൽ ആരംഭിക്കുന്ന പ്രതിഷേധം ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അഭിജിത് ദീപ്കെ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം.
സമരത്തിന് ശിവാജി പാർക്കിൽ അനുമതി നിഷേധിച്ചതായി മുംബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ബോംബെ ഹൈക്കോടതി നിർദേശങ്ങൾ, നഗരസഭയുടെ അനുമതിയില്ലായ്മ, ഗതാഗത തടസ്സത്തിനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കൽ നടപടികൾ നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ നടപടികൾ പരിശോധിക്കാൻ കമ്മീഷൻ പ്രത്യേക അവലോകനവും ആരംഭിച്ചിട്ടുണ്ട്.




