കൊച്ചി: ഡ്രൈ ഡേ ദിവസങ്ങളിൽ അനധികൃതമായി മദ്യവിൽപന നടത്തിയെന്ന കേസിൽ മട്ടാഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. നോർത്ത് ചെർലായി സ്വദേശി രാജേന്ദ്ര കമ്മത്ത് (46) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 53 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി.
ഒക്ടോബർ ഒന്നിന് ചെർലായിലെ വീട്ടിൽ മട്ടാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. തോപ്പുംപടി, മട്ടാഞ്ചേരി, പനയപ്പിള്ളി എന്നിവിടങ്ങളിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ഡ്രൈ ഡേ ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
പ്രദേശത്ത് അനധികൃത മദ്യവിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
മട്ടാഞ്ചേരി സബ് ഇൻസ്‌പെക്ടർമാരായ ഗീതുമോൾ, സന്തോഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ രാജേന്ദ്ര കമ്മത്തിനെ കോടതിയിൽ ഹാജരാക്കി.




