തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിജയനെതിരെ പരസ്യവിമർശനം നടത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി നേതൃത്വത്തെ കാണും. കേരളത്തിലെ യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നതടക്കമുള്ള പരാതികൾ അടൂർ പ്രകാശ് എഐസിസിക്ക് രേഖാമൂലം നൽകും.
സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യുന്നില്ലെന്നും യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ മുന്നണി നേതാക്കളെ അറിയിക്കുന്നില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പറഞ്ഞത്.
അതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാൻഡിനെ അറിയിക്കും. പിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് സണ്ണി ജോസഫ് ഡൽഹിയിലെത്തുന്നത്. ഇതോടൊപ്പം അടൂർ പ്രകാശിന്റെ വിമർശനം ഉൾപ്പെടെയുള്ള വിഷയങ്ങളും അദ്ദേഹം എഐസിസി നേതൃത്വത്തെ അറിയിച്ചേക്കും.
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അടൂർ പ്രകാശ് പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ഈ തീരുമാനത്തിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ടെന്നാണ് സൂചന.
അതേസമയം, അടൂർ പ്രകാശിനെതിരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി നൽകാനുള്ള നീക്കവും വി.ഡി. സതീശൻ പക്ഷത്ത് നടക്കുന്നതായാണ് വിവരം. കേരളത്തിലെ കോൺഗ്രസിലെയും യുഡിഎഫിലെയും തർക്കങ്ങളിൽ ഹൈക്കമാൻഡ് ഇടപെടുമോ എന്നതാണ് ഇനി പ്രധാനമായി ഉറ്റുനോക്കുന്നത്. സർക്കാർ-പാർട്ടി ഏകോപനം ശക്തമാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമോ എന്നതും ശ്രദ്ധേയമാണ്.




