ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കൊലക്കുറ്റം ചുമത്തി പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.
നിലവിൽ പട്ടികജാതി പട്ടികവർഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ കൊലക്കുറ്റമായി പരിഗണിച്ച് വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയും നേരത്തെ സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് ഹർജികൾ സമർപ്പിച്ചത്.




