ന്യൂഡൽഹി: ജോലി പൂർത്തിയാക്കിയ ശേഷം പ്രതിഫലം വാങ്ങിയെടുക്കുന്നത് കോർപ്പറേറ്റ് മേഖലയിലും ഫ്രീലാൻസിങ് രംഗത്തും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. അത്തരമൊരു ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീഡിയ മാനേജറും സംരംഭകയുമായ കൃപ കോട്ടേച്ച. മൂന്ന് മാസത്തെ കരാർ പൂർത്തിയാകുന്നതിന് മുമ്പ് ക്ലയന്റ് കരാർ അവസാനിപ്പിക്കുകയും 50,000 രൂപ പ്രതിഫലം നൽകാതെ തന്നെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തെന്നാണ് കൃപയുടെ ആരോപണം.
ഒരു ഇന്ത്യൻ സ്ഥാപകയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ തയ്യാറാക്കാൻ സഹായിച്ചെന്നും ഇതിനായി 50,000 രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നതെന്നും കൃപ എക്സിൽ കുറിച്ചു. മൂന്ന് മാസത്തേക്കായിരുന്നു കരാർ. സാധാരണയായി മുൻകൂർ പണം വാങ്ങാറുണ്ടെങ്കിലും സ്ഥാപകയിലുള്ള വിശ്വാസം കൊണ്ടാണ് ഇത്തവണ അങ്ങനെ ചെയ്യാതിരുന്നതെന്നും അവർ പറഞ്ഞു.
രണ്ട് മാസം പിന്നിട്ടപ്പോൾ സ്ഥാപക അപ്രതീക്ഷിതമായി കരാർ അവസാനിപ്പിക്കുകയും തുടർന്ന് എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും തന്നെ ബ്ലോക്ക് ചെയ്യുകയുമായിരുന്നുവെന്നാണ് കൃപയുടെ ആരോപണം. താൻ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് ജോലി പൂർത്തിയാക്കിയതെന്നതിന് തെളിവുകളുണ്ടെന്നും അവർ വ്യക്തമാക്കി.
കൃപയുടെ പോസ്റ്റ് ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഫ്രീലാൻസിങ് മേഖലയിലെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണിതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ക്ലയന്റിന്റെ അനുമതിയില്ലാതെ വിഷയം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൃപയുടെ തന്നെ പ്രൊഫഷണൽ പ്രതിച്ഛായയെ ബാധിച്ചേക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടി.
വാട്സാപ്പിലോ ഇമെയിലിലോ കരാറും പണം നൽകാനുള്ള ബാധ്യതയും തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ അഭിഭാഷകന്റെ സഹായത്തോടെ നിയമനോട്ടീസ് അയക്കണമെന്നും ചിലർ നിർദേശിച്ചു. അതേസമയം, നിയമനടപടികൾക്ക് പോകുന്നതിനേക്കാൾ 50,000 രൂപ മറന്ന് പുതിയ പ്രൊജക്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയർന്നു. സ്ഥാപനം എംഎസ്എംഇയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികളിലൂടെ കുടിശ്ശിക ഈടാക്കാൻ കഴിയുമെന്നും ചിലർ അഭിപ്രായപ്പെട്ടു.




