കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത നിലയിലാണ് ഭാര്യയെ കണ്ടതെന്ന് അതിജീവിതയുടെ ഭർത്താവ് പറഞ്ഞു. ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും ഭർത്താവ് ആരോപിച്ചു.
സംഘത്തിലെ നാല് പേർക്ക് പിന്നാലെ കൂടുതൽ ആളുകൾ ലോഡ്ജിലെത്തിയെന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെച്ചെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞതായി ഭർത്താവ് അറിയിച്ചു.
രാവിലെ 7.30ഓടെ വിളിച്ച് അഭിമുഖത്തിന് പോകുന്ന കാര്യം ഭാര്യ അറിയിച്ചിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. രാവിലെ പത്ത് മണിയോടെ തിരികെയെത്തിയ ഭാര്യ ജോലി ലഭിച്ചതായും ജോലിസ്ഥലവും ശമ്പളവുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പിന്നീട് രാത്രിയിൽ പുറത്തുപോകുന്ന കാര്യം അറിയിക്കുകയായിരുന്നു.
തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമ എത്തി പരിശോധിച്ചപ്പോഴും യുവതിയെ കണ്ടെത്താനായില്ല. അടുത്ത ദിവസമാണ് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. സുഹൃത്തിന്റെ വീട്ടിൽ പോയെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയപ്പോൾ മുഖം വീർത്ത നിലയിലും ശരീരത്തിൽ മുറിവുകളോടെയുമാണ് ഭാര്യയെ കണ്ടതെന്നും തുടർന്ന് ചോദിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് പറഞ്ഞതെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ ശ്രീരാജ് വഴിയാണ് യുവതി സ്പായിലെ ജോലിക്ക് അപേക്ഷിച്ചതെന്നും ഇയാളായിരുന്നു ബന്ധപ്പെടാനുള്ള വ്യക്തിയെന്നും ഭർത്താവ് പറഞ്ഞു. അതിജീവിത കടുത്ത മാനസികാഘാതത്തിലാണെന്നും ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയാണ് അതിക്രമത്തിനിരയായതെന്നും ഭർത്താവ് പറഞ്ഞു.
ഒഎൽഎക്സിൽ കൊച്ചിയിലെ ഒരു സ്പായിൽ മാനേജരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി പ്രതികളെ ഫോണിൽ ബന്ധപ്പെട്ടത്. ഒക്ടോബർ രണ്ടിന് പകൽ പത്തടിപ്പാലത്തെ സ്പായിൽ അഭിമുഖത്തിനായി എത്താൻ ആവശ്യപ്പെട്ടു. അഭിമുഖത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ വൈകുന്നേരം ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു.
ലോഡ്ജിലെത്തിയ യുവതിക്ക് ആദ്യം മദ്യം നൽകിയെന്നും പിന്നീട് നിർബന്ധിച്ച് ലഹരിമരുന്ന് നൽകിയെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചതായും അബോധാവസ്ഥയിലായ യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും ലൈംഗികാതിക്രമം നടത്തിയതായി യുവതി മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാൾ കൊച്ചിയിലെ നാല് സ്പാകളുടെ നടത്തിപ്പുകാരനാണെന്നും പൊലീസ് അറിയിച്ചു.
യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.




