കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടതോടെ ദുരിതത്തിലായി ക്യാൻസർ രോഗികൾ. 16 കിടക്കകളുള്ള ഐസിയുവിൽ കീമോതെറാപ്പി കഴിഞ്ഞ രോഗികളടക്കം ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് ചൂട് സഹിക്കാനാകാതെ രോഗികൾ ബുദ്ധിമുട്ടുന്നത്. എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുതിയ എസിക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രത്യേക പരിചരണം ആവശ്യമായ രോഗികളാണ് ഓങ്കോളജി ഐസിയുവിൽ കഴിയുന്നത്. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സ്പെഷ്യാലിറ്റി ക്യാൻസർ ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. എസി രണ്ടാഴ്ചയായി പ്രവർത്തനരഹിതമായതോടെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ചൂടിൽ കഴിയേണ്ടിവരുന്നതായി പരാതിയുണ്ട്. നിരവധി പരാതികൾ ഉയർന്നിട്ടും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്.
അഞ്ചാം നിലയിലായതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നതായും രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. കംപ്രസർ തകരാറിലായ എസിയുടെ ചില ഭാഗങ്ങൾ ലഭ്യമല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകുന്നതിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഐസിയുവിലെ ഓരോ രോഗിക്കും പ്രത്യേകം ഫാനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ ഫാൻ മാത്രം ഉപയോഗിച്ച് പ്രത്യേക പരിചരണം ആവശ്യമായ രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാകില്ലെന്നാണ് ബന്ധുക്കളുടെ പരാതി.




