തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം ലഭിച്ചത്. നിയമനത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ, പൊലീസിലെ സ്ഥലംമാറ്റം ആവശ്യപ്പെട്ട അളിയനോട് ‘പോയി പണി നോക്കാൻ’ പറഞ്ഞതായി ബിആർഎം ഷഫീർ നടത്തിയ പ്രസംഗം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലടക്കം പുതിയ നിയമനത്തിനെതിരെ വിമർശനം ഉയരുന്നത്.
അതേസമയം, ഭാര്യയ്ക്ക് ലഭിച്ച നിയമനത്തിൽ അസ്വാഭാവികതയില്ലെന്നാണ് ബിആർഎം ഷഫീറിന്റെ വിശദീകരണം. ഒഴിവ് വന്നതിനെ തുടർന്ന് ഷാനി അപേക്ഷിക്കുകയായിരുന്നുവെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസത്തിൽ 40,000 രൂപയാണ് ശമ്പളം.
ഷാനി ഷെഫീറിന്റെ ബയോഡേറ്റ ലഭിച്ചതിന് ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സീമാറ്റിന്റെ വിശദീകരണം. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണം സീമാറ്റ് തള്ളുന്ന നിലപാടിലാണ്.
അതേസമയം, മുൻ സർക്കാർ സീമാറ്റിൽ നിയമിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട സ്ഥാപനമായ സീമാറ്റിൽ പുതിയ സർക്കാർ കൂടുതൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും വകുപ്പ് വിശദീകരിക്കുന്നു.
മുൻ സർക്കാരിനെതിരെ ‘ബന്ധുനിയമനം’ പ്രധാന രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. നിയമനം രാഷ്ട്രീയ മാനദണ്ഡത്തിലാണോ യോഗ്യതയുടെ അടിസ്ഥാനത്തിലാണോ എന്നതിനെ ചൊല്ലിയുള്ള തർക്കവും ശക്തമാകുകയാണ്.




