ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. നാളെ സഖ്യകക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിൽ ആശങ്കയുള്ള എല്ലാ ഇന്ത്യക്കാരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് കെ.സി. വേണുഗോപാൽ അഭ്യർഥിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സഖ്യത്തിലെ നേതാക്കളുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കെതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി പരിഗണിക്കും. ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജിയിൽ, കോടതിയുടെ നിർദേശങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് ആരോപണം. ഡൽഹി മെട്രോയുടെ 45 സ്റ്റേഷനുകളിലെ പ്രവേശനം തടഞ്ഞതായും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നത് തുടർന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളും സുപ്രീംകോടതി പരിഗണിക്കും.
പ്രതിഷേധം നേരിടുന്നതിനായി ഡൽഹിയിൽ കേന്ദ്ര സർക്കാരും സുരക്ഷാ സേനകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിൽനിന്ന് 23,000 പേരെ നഗരത്തിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്.
പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവരെ മുൻകൂട്ടി കസ്റ്റഡിയിലെടുക്കുന്ന നടപടിയും പൊലീസ് സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കയെ വിമാനത്തിൽനിന്നും യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥി നേതാക്കളടക്കമുള്ളവരെയും വിവിധ സ്ഥലങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. രാജ്യത്തെ യുവതലമുറയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പോരാട്ടം തുടരണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
പ്രതിഷേധക്കാർക്കൊപ്പം തങ്ങളുണ്ടാകുമെന്നും ഭരണഘടനയെ ആക്രമിച്ചവരെ പരാജയപ്പെടുത്താൻ ഒന്നിച്ചുനിൽക്കണമെന്നും രാഹുൽ ഗാന്ധി സന്ദേശത്തിൽ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡൽഹിയിലെ സുരക്ഷാ നിയന്ത്രണങ്ങളും പ്രതിപക്ഷ നേതാക്കളുടെ കസ്റ്റഡിയും കോടതിയുടെ പരിഗണനയിലെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.




