ഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രബുപുരയിലാണ് സംഭവം. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷാത് (3) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡിൽസ് കഴിച്ചിരുന്നതായി അയൽക്കാരും മഹേഷിന്റെ അമ്മയും പൊലീസിനെ അറിയിച്ചു. എന്നാൽ, ഇതാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.




