Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാരിനെ വിമർശിക്കുന്നവരെല്ലാം കെസി പക്ഷക്കാരോ? മുരളീധരൻ പറഞ്ഞ ആ ഒരാൾ ആര്? വേണം ഈ ഏകാധിപത്യത്തിന് ഒരു അറുതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

UDF കൺവീനറായ അടൂർ പ്രകാശ് മുഖ്യമന്ത്രി ലവിഡി സതീശനെതിരെ ഒരു ബോംബ് പൊട്ടിച്ചിട്ട് രണ്ടാഴ്ച്ചയോളം ആകുമ്പോൾ അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. പിന്നീട് കോൺ​ഗ്രസ് ഒന്നടങ്കം ​ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ സമരഭൂമിയിൽ സജീവമായതോടെ വിഷയം കുറച്ച് ദിവസത്തേക്ക് ഒന്ന് തണുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും തലപൊക്കുകയാണ്. കഴിഞ്ഞ നാല് മാസമായി മുഖ്യമന്ത്രി വിഡി സതീശനെ ന്യായീകരിക്കുന്ന ചുമതല ഏറ്റവും ഭം​ഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്ന മന്ത്രി കെ മുരളീധരൻ തന്നെയാണ് പുതിയ വെടി പൊട്ടിച്ചിരിക്കുന്നത്.

അടൂർ പ്രകാശിനും കെ. സുധാകരനും എതിരെ രൂക്ഷ വിമർശനവുമായിരുന്നു മുരളീധരൻ ഉന്നയിച്ചത്. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് എന്നായിരുന്നു മുരളിയുടെ പ്രതികരണം. ആണുങ്ങളുടെ സർക്കാറാണോ എന്ന കെ സുധാകരന്റെ പരാമർശത്തിൽ വേണമെങ്കിൽ വന്ന് ടെസ്റ്റ് ചെയ്തു നോക്കാം എന്ന് പരിഹസിക്കാനും അദ്ദേഹം മറന്നില്ല.

ആദ്യം മുരളീധരൻ പറഞ്ഞ വാക്കുകളിലേക്ക് പോകാം- ‘ഒരാൾ കണ്ടിന്യൂസ് ആയി ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ‘സംബഡി ബിഹൈൻഡ് ദ കർട്ടൻ’, അത് ആരാണെന്ന് ഞാൻ പറയുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു വ്യക്തി നിരന്തരമായിട്ട് ആരോപണം ഉന്നയിക്കുകയാണെങ്കിൽ സംബഡി ബിഹൈൻഡ് ദ കർട്ടൻ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ. അത് ആരാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’.

ഇനിയാണ് ചോദ്യം- ആരാണ് മന്ത്രി മുരളീധരൻ പറഞ്ഞ ആ പിന്നിൽ നിന്ന് കളിക്കുന്ന ഒരാൾ? മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശിനെ ഇളക്കിവിടാൻ മാത്രം കരുത്തുള്ള, സതീശനോട് വിരോധമുള്ള ആ പേരിലേക്കാണ് ഇപ്പോൾ കോൺ​ഗ്രസിലെ ചർച്ചകളെല്ലാം ചെന്നെത്തുന്നത്. അത് കെസി വേണു​ഗോപാലിനെ ഉന്നംവെച്ചുള്ള പരാമർശങ്ങളാണെന്ന് വിശ്വസിക്കുന്നവരേറെ. അതാരെന്ന് തനിക്കറിയാമെന്നും പേര് ഇപ്പോൾ പറയില്ലെന്നുമുള്ള തരത്തിലായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതാണ് കെസി വേണു​ഗോപാലിലേക്ക് അഭ്യൂഹങ്ങൾ നീളുന്നത്.

എന്തുകൊണ്ടാണ് കെസിയെ ബലിയാടാക്കാൻ മുരളീധരൻ വിഡി സതീശന്റെ ക്വട്ടേഷനും സ്വീകരിച്ച് രം​ഗത്തിറങ്ങുന്നത്? ഇതെല്ലാം കോൺ​ഗ്രസിനുള്ളിലെ പുതിയ പുതിയ ​ഗ്രൂപ്പുകൾ ജനിക്കുന്നതിന്റെ സൂചനകളാണോ എന്നിങ്ങനെ നീളുന്നു സംശയങ്ങൾ.

നിലവിൽ കോൺ​ഗ്രസ് പാർട്ടിയുടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് കെസി വേണു​ഗോപാൽ. എന്നുവെച്ചാൽ ഹൈക്കമാൻഡിന്റെ തന്നെ ഒരു ഭാ​ഗം എന്നും പറയാം. ആ കെസിയാണ് നിലവിൽ കേരളത്തിലെ കോൺ​ഗ്രസിലുള്ള സകല പ്രശ്നങ്ങളുടേയും ആണിക്കല്ല് എന്ന ഒരു പൊതുബോധം ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാകും പ്രധാന ലക്ഷ്യം. അങ്ങനെ മുഖ്യമന്ത്രി കസേരയിലിരുന്ന് വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ഏകാധിപത്യം തുടരാം എന്ന വ്യാമോഹമാണ് മുരളീധരന്റേത്, അല്ലെങ്കിൽ വിഡി പക്ഷത്തിന്റേത്.

അതുപോലെ മുരളീധരന്റെ കാര്യത്തിലേക്ക് വന്നാൽ, അദ്ദേഹത്തിന്റെ ആരോ​ഗ്യവകുപ്പിലാണ് ഇപ്പോൾ മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ അഴിമതികൾക്കുള്ള കോപ്പുകൂട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നത്. അതുപോലെ മരുന്ന് ക്ഷാമവും ചികിത്സാപ്പിഴവുകളുമടക്കം ത്രിശങ്കുവിന്റെ നടുവിലാണ് മുരളീധരനിപ്പോഴുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തെ സംബന്ധിച്ച് ഇതെല്ലാം മറയ്ക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ ആവശ്യമാണ്. ആ ലക്ഷ്യം മനസിൽ വെച്ച് തന്നെയാകും ഇങ്ങനെ മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതും. മുരളീധരനെ സംബന്ധിച്ച് തന്റെ ഏറ്റവും വലിയ ശത്രുക്കളായി കാണുന്നത് കെസി വേണു​ഗോപാലിനേയും രമേശ് ചെന്നിത്തലയേയുമാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല, പണ്ട് ​ഗ്രൂപ്പ് പോരുകളാൽ കോൺ​ഗ്രസ് തകർന്ന് നിന്നിരുന്ന സമയത്ത് തിരുത്തൽ വാദവുമായി വന്നവരാണ് കെസിയും ചെന്നിത്തലയും. അന്ന് മുരളീധരനെതിരെ അതിശക്തമായ നിലപാടുകൾ എടുക്കുകയും ആ ​ഗ്രൂപ്പ് കളികളെ പൊളിക്കുന്നതിൽ വിജയിക്കുകയും ചെയ്തിട്ടഉള്ളവരാണ് ഇരുവരും. ഐ ​ഗ്രൂപ്പിലെ തന്റെ അപ്രമാധിത്യത്തെ ചോദ്യം ചെയ്ത ചെന്നിത്തലയോടും കെസിയോടും തരംകിട്ടിയപ്പോൾ കണക്ക് തീർക്കാൻ തീരുമാനിക്കുകയായിരുന്നു മുരളീധരൻ.

ഇനി ചില യാഥാർത്ഥ്യങ്ങളിലേക്ക് വന്നാൽ, തന്റെ തട്ടകം ഡൽഹിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളയാണ് കെസി വേണു​ഗോപാൽ. കേരള രാഷ്ട്രീയത്തിലേക്ക് ഒരു മടങ്ങിവരവ് തന്റെ പ്ലാനുകളിലൊന്നും ഇല്ലെന്നും അദ്ദേഹം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വരുംനാളുകളിൽ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടാനും ഒരുപക്ഷേ മോദിയും ബിജെപിയും വീഴുന്ന ഒരു ഘട്ടം വന്നാൽ കേന്ദ്രത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് ഇരിക്കേണ്ട ഒരാളാണ് താനെന്ന വ്യക്തമായ ബോധ്യം കെസിക്കുണ്ട്. കേരളമായിരുന്നു ലക്ഷ്യമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബഹുഭൂരിപക്ഷം എംഎൽഎമാരുടേയും പിന്തുണയുണ്ടായിരുന്ന കെസിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാമായിരുന്നതാണ്. ഹൈക്കമാൻഡിനും താൽപര്യം അതായിരുന്നിരിക്കെ, ചില പ്രത്യേക വിഭാ​ഗം പ്രവർത്തകരുടെയും മുസ്ലീം ലീ​ഗിന്റേയും മാത്രമായിരുന്ന ആവശ്യം പരി​ഗണിച്ച് വിഡി സതീശന് വേണ്ടി ആ കസേരയിൽ തനിക്ക് നോട്ടമില്ലെന്ന് അന്നേ വ്യക്തമാക്കിയ ആളാണ് കെസി.

ഇപ്പോൾ മുസ്ലീം ലീ​ഗും വിഡി സതീശനും എന്ന നിലയിലാണ് UDF. മറ്റ് ഘടകകക്ഷികൾക്കോ കോൺ​ഗ്രസിലെ തന്നെ ബാക്കിയുള്ള ഒരാൾക്കോ യാതൊരു പരി​ഗണനയും നൽകാതെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയുടെ രീതിയിൽ ചെറുതല്ലാത്ത അതൃപ്തി മുന്നണിക്കുള്ളിൽ ആകമാനമുണ്ട്. അത് തുറന്നുപറയുക മാത്രമാണ് അടൂർ പ്രകാശ് ചെയ്തത്. സതീശന്റെ സമീപനത്തെ ഒരുകാരണവശാലം അം​ഗീകരിക്കാനാകില്ല എന്ന വ്യക്തമായ നിലപാട് തന്നെയാണ് ഹൈക്കമാൻഡിന്റേത്. ഇക്കാര്യം മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ​ഗാന്ധി നേരിട്ട് അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ആ ഘട്ടത്തിലാണ് തന്റേതായ രീതിയിൽ ഒരു ബോംബ് പൊട്ടിക്കാൻ മുരളീധരൻ ശ്രമിക്കുന്നതും ചീറ്റിപ്പോകുന്നതും. സർക്കാരിനെ വിമർശിക്കുന്നവരെല്ലാം കെസി പക്ഷമാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂർവ്വമായൊരു ശ്രമം ചില ഭാ​ഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. വി.ഡി. സതീശൻ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കോതമംഗലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോസ് എൻ. ഡാനിയേൽ പങ്കുവെച്ച വീഡിയോ മെറ്റ നീക്കം ചെയ്ത സംഭവം കൂടി ഇതിനൊപ്പം ചേർത്ത് വായിക്കണം.

മുഖ്യമന്ത്രിയെ വിമർശിച്ച് KPCC ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയ അടൂർ പ്രകാശിനെ പിന്തുണച്ച് വലിയൊരു വിഭാ​ഗം നേതാക്കളും പ്രവർത്തകരും രം​ഗത്ത് വന്നിരുന്നു. അടൂർ പ്രകാശിനെ പിന്തുണച്ചു എന്നതിന്റെ പേരിൽ മാത്രം കടുത്ത സൈബർ ആക്രമണമായിരുന്നു ജെബി മേത്തർ ഉൾപ്പെടെയുള്ളവർ നേരിട്ടത്. ഇത്തരം സൈബർ കടന്നലുകളെല്ലാം വിഡി സതീശൻ അനുകൂലികളാണെന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതായിട്ടുണ്ട്. എന്തായാലും മുരളീധരൻ തുടങ്ങിയിട്ട പുതിയ പോര് ഏത് രീതിയിലേക്ക് തിരിയുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix