തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്യു നേതാക്കളെ 16 ദിവസം ജയിലിൽ അടച്ചത് എന്തിനെന്ന് ചോദിച്ച് കെഎസ്യു നേതാവ് എം.സി. അതുൽ. കേസിന്റെ അന്വേഷണത്തിൽ ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായിട്ടില്ലെന്നും പിന്നെ എന്തിനാണ് വധശ്രമത്തിന് കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതുൽ.
സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ പങ്കുള്ള സിപിഎം നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതുൽ ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞിട്ടാണ് മൊഴി നൽകിയതെന്ന് ഗൺമാൻ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
നാടിന്റെ സമാധാനാന്തരീക്ഷം തകർത്തത് എന്തിനാണെന്നും കേസിൽ പരാമർശിക്കുന്ന മാരകായുധങ്ങൾ എവിടെയാണെന്നും അതുൽ ചോദിച്ചു. മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് എ.എൻ. ഷംസീറാണെന്നും അതുൽ ആരോപിച്ചു. “ഷംസീർ എന്താ ഡോക്ടറാണോ?” എന്നും അദ്ദേഹം ചോദിച്ചു.




