കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖിന്റെ ജാമ്യമാണ് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റദ്ദാക്കിയത്. കൊയിലാണ്ടി സി.ഐ. ആർ. പ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. നിലവിൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി.
പത്തുമാസം മുമ്പാണ് അബ്ദുൾ റഫീഖിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചത്. അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാൾ വീട്ടിൽവെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഭീഷണിപ്പെടുത്തിയും മർദിച്ചും രണ്ടുവർഷത്തോളം പെൺകുട്ടിയെ ചൂഷണം ചെയ്തതായും പരാതിയുണ്ട്.
ജയിലിലായിരുന്ന പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പൊലീസ് സ്റ്റേഷനിലുമായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.




