തിരുവനന്തപുരം: പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി മറ്റൊരു ശുപാർശ കൂടി നൽകുകയായിരുന്നുവെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്. നിലവിൽ ഒരു വിചാരണയും കേരളത്തിലെ പിഎസ് സി അംഗങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ നടന്നിട്ടില്ല. ഗവര്‍ണർ മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഏതു പ്രവര്‍ത്തിയും നടത്താനാകൂ എന്ന് ആര്‍ട്ടിക്കിള്‍ 163 വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പിഎസ് സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം.
ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ? . രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും മുന്‍വിധിയോടെയും നിലവിലുള്ള പി.എസ്.സിയെ പിരിച്ചുവിടാന്‍ ഗവര്‍ണ്ണറുടെ ഈ നിയമവിരുദ്ധ പ്രവര്‍ത്തി മറയാക്കി സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അതോ ഗവര്‍ണ്ണറുടെ നിലപാടിനെ അപലപിക്കാന്‍ തയ്യാറുണ്ടോ? പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രശംസനീയമായ രീതിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ പിഎസ് സിയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.




