പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കിയശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ പത്തനംതിട്ട ഡി.സി.ആർ.ബി. സി.ഐ. ടി.കെ. വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഐ.ജിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
പത്തനംതിട്ടയിൽ വിനോദ് കൃഷ്ണൻ നേരത്തെ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷൻ പരിധിയിലെ 28കാരിയാണ് പരാതി നൽകിയത്. യുവതിയുമായി ബന്ധം സ്ഥാപിച്ച ഇയാൾ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പം കൊണ്ടുപോയെന്നാണ് പരാതി. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന യുവതിയെ താമസിപ്പിച്ചതായും ആരോപണമുണ്ട്.
ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് പോയപ്പോഴും വിനോദ് കൃഷ്ണൻ യുവതിയെ ഒപ്പം കൊണ്ടുപോയിരുന്നു. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് വിവരം ഇയാളുടെ ഭാര്യയും വീട്ടുകാരും അറിഞ്ഞു.
ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭിണിയായതോടെ ഭാര്യയെ ഒഴിവാക്കി യുവതിയെ വിവാഹം കഴിക്കാമെന്ന് വിനോദ് കൃഷ്ണൻ ഉറപ്പുനൽകിയെന്നാണ് പരാതി. എന്നാൽ പിന്നീട് ഈ ഉറപ്പിൽനിന്ന് പിന്മാറിയതോടെയാണ് യുവതി എസ്.പിയെ നേരിൽക്കണ്ട് പരാതി നൽകിയത്. എസ്.പി. നടത്തിയ അന്വേഷണത്തിനുശേഷം ഐ.ജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി.
അതേസമയം, വിനോദ് കൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് യുവതി. ഈ സാഹചര്യത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സർവീസിൽനിന്ന് വിരമിക്കാൻ ഇനി രണ്ടുവർഷം മാത്രം ബാക്കിയുള്ളപ്പോഴാണ് സി.ഐ.ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.




