ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് തകരാറിലായി. തുരുത്തി-കിടങ്ങറ-വീയപുരം റോഡിൽ വാലടി ഒന്നാം കലുങ്കിന് സമീപം ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് കാവാലത്തേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ എടുത്ത കുഴിയിലാണ് ബസ് വീണത്. എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിയുകയായിരുന്നു. ഇതോടെ ബസിന്റെ ജോയിന്റ് ഭാഗം തകരാറിലായി.
വിവരമറിഞ്ഞ് ചങ്ങനാശ്ശേരി ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം സ്ഥലത്തെത്തി തകരാർ പരിഹരിച്ചെങ്കിലും ബസ് കുഴിയിൽനിന്ന് പുറത്തെടുക്കാനായില്ല. തുടർന്ന് കുഴിയുടെ ഭാഗത്ത് കല്ലും മണ്ണും നിരത്തി ഏറെ പരിശ്രമിച്ചാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ ബസ് പുറത്തെടുത്തത്. അവധി ദിവസമായതിനാൽ ബസിൽ യാത്രക്കാർ കുറവായിരുന്നു.
വീതി കുറഞ്ഞ റോഡിൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുമാസം മുമ്പും ഇതേ റോഡിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു.
വർഷങ്ങളായി തുടരുന്ന റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ചെളിയും കുഴികളും നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




