തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണവിധേയനായ മുൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് വീണ്ടും പദവി നൽകി ദേവസ്വം ബോർഡ്. സ്പെഷ്യൽ ഓഫീസറായ ഒ.ജി. ബിജുവിനെയാണ് ശബരിമല തീർഥാടനകാലത്ത് പ്രത്യേക കോഓർഡിനേറ്ററായി നിയമിക്കാൻ തീരുമാനിച്ചത്.
ഒ.ജി. ബിജുവിന്റെ നിയമനത്തിൽ ബോർഡിനുള്ളിൽ ഭിന്നാഭിപ്രായം ഉയർന്നെങ്കിലും പരിചയസമ്പന്നനെന്ന പരിഗണനയിലാണ് പുതിയ ചുമതല നൽകിയതെന്നാണ് വിശദീകരണം. നേരത്തെ ബിജുവിനെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി തുടരാൻ അനുവദിക്കാനുള്ള തീരുമാനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ ജോലിഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതിനുമാണ് പുതിയ നിയമനമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
പുതിയ തീരുമാനം സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കും. പ്രത്യേക ചുമതലയാണെങ്കിലും നിയമനത്തിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമായി വരും. ആടിയശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഒ.ജി. ബിജുവിന്റെ പങ്കിനെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ പദവി നൽകാനുള്ള തീരുമാനം.




