മരുന്നുകളുടെ അമിത വിലക്കയറ്റത്തിൽ ഇടപെട്ട് സുപ്രീംകോടതി. ജീവൻരക്ഷാ മരുന്നുകൾക്ക് യഥാർഥ വിലയേക്കാൾ പലമടങ്ങ് അധികം തുക രോഗികളിൽനിന്ന് ഈടാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണവും തേടി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മരുന്നുകളുടെ വിലയും ആശുപത്രികളുടെ ലാഭവിഹിതവും സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.
മെഡിക്കൽ വിതരണക്കാർക്ക് 11,000 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ കുത്തിവയ്പ് മരുന്നിന് ഒരു ആശുപത്രി 1.3 ലക്ഷം രൂപ ഈടാക്കിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി. മരുന്നുകളുടെ വില അമിതമായി വർധിപ്പിച്ച് രോഗികളുടെമേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതിന് പകരം ആശുപത്രികൾ പ്രവർത്തനച്ചെലവ് കണ്ടെത്താൻ മറ്റ് മാർഗങ്ങൾ തേടണമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കൊള്ളയ്ക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോയെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു.
സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്ന ഭാര്യയ്ക്കായി മരുന്ന് വാങ്ങിയ ഒരു മെഡിക്കൽ വിതരണക്കാരന്റെ പരാതിയും കോടതി പരിഗണിച്ചു. കീമോതെറാപ്പിക്കിടെ ഉപയോഗിക്കുന്ന കുത്തിവയ്പ് മരുന്ന് 11,000 രൂപയ്ക്ക് ലഭിക്കുമെന്ന് ആശുപത്രിയെ അറിയിച്ചിട്ടും, താൻ നൽകിയ മരുന്ന് ഉപയോഗിക്കാൻ ആശുപത്രി വിസമ്മതിച്ചെന്നും പകരം അതേ മരുന്നിന് 1.3 ലക്ഷം രൂപ ഈടാക്കിയെന്നുമാണ് ആരോപണം. ഇത്തരമൊരു സാഹചര്യം സർക്കാരിന്റെ കൺമുന്നിൽ നടക്കുകയാണെന്നും ഇതിന് അനുമതി നൽകുന്നത് എന്തിനാണെന്നും ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
ചികിത്സ അനിവാര്യമായ സാഹചര്യങ്ങളിൽ ആശുപത്രികളുമായി വിലപേശാൻ രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മരുന്നുകൾ ചില്ലറ വ്യാപാരികൾക്ക് നൽകുന്ന വിലയും രോഗികളിൽനിന്ന് ഈടാക്കുന്ന തുകയും തമ്മിൽ ഇത്ര വലിയ വ്യത്യാസം അനുവദിക്കുന്നതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും നിർദേശിച്ചു.
അതേസമയം, ഇന്ത്യയിൽ മരുന്നുകളുടെ വില ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ മേഖലയെ പൂർണമായും നിയന്ത്രിക്കുകയല്ല സർക്കാരിന്റെ നയമെന്നും അവർ വ്യക്തമാക്കി.
ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, മുഴുവൻ സമയ സേവനങ്ങൾ എന്നിവ നിലനിർത്താൻ മരുന്നുകളുടെ വിൽപനയിൽനിന്നുള്ള വരുമാനം ആവശ്യമാണെന്ന് സ്വകാര്യ ആശുപത്രികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. സ്വകാര്യ ആശുപത്രികളുടെ വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം ഇൻഷുറൻസ്, സർക്കാർ ആരോഗ്യ പദ്ധതികൾ എന്നിവയിൽനിന്നാണ് ലഭിക്കുന്നതെന്നും സ്വന്തം പണം ചെലവഴിച്ച് ചികിത്സ തേടുന്നവർ 30 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികൾക്ക് ചികിത്സാ സേവനങ്ങൾക്ക് തുക ഈടാക്കാമെങ്കിലും മരുന്നുകളുടെ യഥാർഥ വിലയുടെ നൂറോ ഇരുന്നൂറോ മടങ്ങ് ഈടാക്കുന്നതിനെ ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരുന്നുകളുടെ വിലനിർണയം, വ്യാപാര ലാഭവിഹിതം, വിലനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഹർജികളിലാണ് കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ.




