കോഴിക്കോട്: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയത്തിൽ അജൽ പ്രവീൺ (16) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മതിലിലിടിക്കുകയുമായിരുന്നു.
കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം അജലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
പ്രവീൺ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജൽ. അർജുൻ പ്രവീൺ സഹോദരനാണ്.




