കോഴിക്കോട്: നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയലിനുള്ള മരുന്നാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരുന്നിന്റെ മാനുഫാക്ചറിങ് തീയതിയും എക്സ്പയറി തീയതിയും രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ ലഭിച്ച മരുന്നിൽ മാനുഫാക്ചറിങ് തീയതി ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി കൂടുതൽ ഇടപാടുകൾ നടന്നിട്ടുണ്ട്. ഈ ഇടപാടുകളിൽ ആരെല്ലാം ഇടനിലക്കാരായി പ്രവർത്തിച്ചുവെന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് തനിക്ക് നൽകിയ കത്തിൽ വില കുറഞ്ഞ മരുന്ന് രോഗികൾക്ക് നൽകരുത് എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ക്ലിനിക്കൽ ട്രയൽ മരുന്നിനെക്കുറിച്ച് കത്തിൽ പരാമർശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2021ൽ വാങ്ങിയ റെംഡെസിവിർ മരുന്നിന്റെ കാലാവധി 2023 മെയ് മാസത്തിൽ അവസാനിച്ചതാണെന്നും എന്നാൽ 2024ലും 2025ലും ഈ മരുന്ന് ഉപയോഗിച്ചെന്നുമാണ് മന്ത്രി നേരത്തെ നിയമസഭയിൽ അറിയിച്ചത്. മരുന്ന് ഉപയോഗിച്ചതാണോ നിപ രോഗികളുടെ മരണത്തിന് കാരണമായതെന്ന് പരിശോധിക്കും. ഇതിനായി മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.



