മലപ്പുറം: തിരൂർ നഗരസഭാ കൗൺസിലറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോടതി വാറന്റുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴൂർ സ്വദേശി ചോമയിൽ അൻവർ സാദത്ത് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ നഗരസഭയിലെ കൗൺസിലേഴ്സ് ലോഞ്ചിൽ വെച്ചാണ് കൗൺസിലറെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതെന്നാണ് പരാതി. സംഭവത്തിൽ കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൻവർ സാദത്തിനെ പൊലീസ് പിടികൂടിയത്.
എസ്ഐ നസീർ തിരൂർക്കാടിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ഷൈജു, ദിനേശ് രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് പെരിന്തൽമണ്ണ സബ് ജയിലിലേക്ക് മാറ്റി.




