ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ബിജെപി പ്രവർത്തകർക്ക് കർശന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരാശയും നീരസവും ഉണ്ടെങ്കിൽ അത് ഗോമതി നദിയിൽ എറിഞ്ഞിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇറങ്ങണമെന്നായിരുന്നു അമിത് ഷായുടെ നിർദേശം.
ലക്നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അമിത് ഷാ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. പാർട്ടിക്കുള്ളിലെ ഭിന്നതകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ആർഎസ്എസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ, സംസ്ഥാന മന്ത്രിസഭയിലെ തർക്കങ്ങൾ എന്നിവ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും നിർദേശിച്ചു.
എംഎൽസി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ സമാജ്‌വാദി പാർട്ടി വിജയിച്ചത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ മുന്നറിയിപ്പ്.
യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ അമിത് ഷാ പ്രശംസിച്ചു. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി തന്നെയായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ബിജെപി നേതൃത്വം തൽക്കാലം ഒഴിവാക്കിയതായാണ് വിലയിരുത്തൽ. സഖ്യകക്ഷികളെ ഒപ്പം നിർത്തുന്നതിനുള്ള നീക്കങ്ങളും വരും ദിവസങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വം ശക്തമാക്കുമെന്നാണ് സൂചന.




