മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. എസ്എഫ്ഐ, യുഡിഎസ്എഫ് പ്രവർത്തകരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി സർവകലാശാലയും അന്വേഷണം ആരംഭിച്ചു.
എംഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകനായ ആക്കോട് കൊടിയമ്മൽ സ്വദേശി അഹമ്മദ് മർഷദിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് മിഥിലാജ്, പെട്രോൾ ബോംബ് എറിഞ്ഞതായി ആരോപിക്കപ്പെടുന്ന വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ഹനീൻ, മേച്ചരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
ആശുപത്രിയിൽ കയറി അക്രമം നടത്തിയെന്ന കേസിൽ യുഡിഎസ്എഫ് പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരും അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായതായി പൊലീസ് അറിയിച്ചു.
ക്യാമ്പസിലെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ വ്യക്തമാക്കി. അക്രമ രാഷ്ട്രീയത്തിന് ക്യാമ്പസിൽ സ്ഥാനമില്ലെന്നും അക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം ആസൂത്രിതമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലും അക്രമസംഭവങ്ങളുണ്ടായി. കാഷ്വാലിറ്റിയിൽ ചികിത്സയിലായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് പ്രവർത്തകർ ആക്രമിച്ചെന്നായിരുന്നു പരാതി.
ആശുപത്രിയിൽ അഗ്നിശമന ഉപകരണം ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ക്യാമ്പസിനുള്ളിലും ആശുപത്രിയിലും നടന്ന അക്രമസംഭവങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.



