കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നുനൽകാത്തതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്.
നവംബർ നാലിനാണ് പരീക്ഷ നടക്കുന്നത്. നേരത്തെ പരീക്ഷാ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് അടച്ചിരുന്നു. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിദ്യാർഥികൾക്ക് ലഭിച്ചത് ഇന്നലെയാണ്. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്.
എസ്എഫ്ഐ പ്രവർത്തകരായ 10 വിദ്യാർഥിനികൾക്കാണ് പരീക്ഷ എഴുതാനുള്ളത്. സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. പരീക്ഷാ ഫീസ് അടയ്ക്കാനും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ വിദ്യാർഥികളുടെ സസ്പെൻഷൻ തുടരുന്നതിനെതിരെയും പരീക്ഷാ രജിസ്ട്രേഷൻ തടസ്സപ്പെട്ടതിനെതിരെയും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. മന്ത്രിക്കെതിരെയും പ്രവർത്തകർ പ്രതിഷേധം ഉയർത്തി.




