തിരുവനന്തപുരം: വർക്കല അയിരൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാജൻ സുബിനയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനാണ് പ്രധാനമായും വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകളുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഷാജനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




