കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്.ഐ.ടി തലവൻ യു. പ്രേമൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ ചുമത്തിയ കുറ്റങ്ങളൊന്നും കെ.എസ്.യു പ്രവർത്തകർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് കുറ്റകരമല്ലെന്നും എസ്ഐടി വ്യക്തമാക്കി.
വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാർക്ക് മന്ത്രിയുടെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തെ പെരുപ്പിച്ചു കാണിച്ചുവെന്നും എസ്ഐടി നേരത്തെ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഗൺമാൻ നിലപാട് മാറ്റി. വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്.
വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നേരത്തെ തെറ്റായ മൊഴി നൽകിയതെന്നും ഗൺമാൻ എസ്ഐടിക്ക് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. കെഎസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായത്. ആക്രമണത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് കേസിൽ കെഎസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന നിഗമനത്തിൽ എസ്ഐടി എത്തിയത്.




