കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകി എക്സൈസ് വകുപ്പ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർക്കാരിനെയും വകുപ്പ് മന്ത്രിയെയും അറിയിക്കാതെയാണ് ലൈസൻസ് അനുവദിച്ചതെന്നാണ് ഉയരുന്ന ആരോപണം.
വെറും ഒരു മിനിറ്റ് ഇടവേളയിലാണ് രണ്ട് ബാർ ലൈസൻസുകളും അനുവദിച്ചതെന്നാണ് വിവരം. സസ്പെൻഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിലാണ് ലൈസൻസ് അനുവദിച്ചതിന്റെ രേഖകൾ ഹാജരാക്കിയത്. ബാർ ലൈസൻസിനായുള്ള അപേക്ഷ ലഭിച്ചതും തുടർനടപടികളും സർക്കാരിനെയോ വകുപ്പിനെയോ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. 2026 ജൂൺ 22നാണ് ലൈസൻസുകൾ അനുവദിച്ചത്.
സംസ്ഥാനത്തിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വകുപ്പ് മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. നേരത്തെയും മന്ത്രിയെ അറിയിക്കാതെ എക്സൈസ് കമ്മീഷണർ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതായി ആരോപണം ഉയർന്നിരുന്നു.
ജൂൺ 23ന് മൂവാറ്റുപുഴയിൽ ബാർ ലൈസൻസിനായി അപേക്ഷ നൽകിയതിന് പിന്നാലെ അടുത്ത ദിവസം തന്നെ അനുമതി ലഭിച്ചു. എറണാകുളത്ത് ജൂൺ 25ന് സമർപ്പിച്ച അപേക്ഷയിൽ ജൂൺ 29നും ലൈസൻസ് അനുവദിച്ചു. കോട്ടയത്ത് സെപ്റ്റംബർ 29ന് ലഭിച്ച അപേക്ഷയിൽ ഒക്ടോബർ 3നും അനുമതി നൽകിയിരുന്നു.
ലൈസൻസ് അനുവദിക്കുന്ന നടപടികളിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
നിലവിലെ എക്സൈസ് കമ്മീഷണറുടെ നടപടികളിൽ മന്ത്രി കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. വകുപ്പിൽ തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്നതും മന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ ഉദ്യോഗസ്ഥ തലത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതുമാണ് അതൃപ്തിക്ക് പ്രധാന കാരണം.
നയപരമായ തീരുമാനങ്ങളിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയും മന്ത്രിക്കുണ്ടെന്നാണ് വിവരം. പുതിയ ബാർ ലൈസൻസ് വിവാദം എക്സൈസ് വകുപ്പിനുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.




