തിരുവനന്തപുരം: നിയമനത്തിനായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുമായി ചേർന്ന് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി സെക്രട്ടറി വളർമതിയാണ് കേസിലെ ഒന്നാം പ്രതി. മറ്റ് 25 റാങ്ക് ഹോൾഡേഴ്സിനെയും പ്രതിചേർത്തിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിയമനം ആവശ്യപ്പെട്ട് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് പ്രതിപക്ഷ കക്ഷികളുടെയും വിവിധ യുവജന സംഘടനകളുടെയും പിന്തുണ ലഭിക്കുന്നതിനിടെയാണ് പുതിയ നടപടി. സമരസമിതി സെക്രട്ടറി വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തുടർച്ചയായി കേസെടുത്ത് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. സമരത്തിനെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഇന്ന് 121-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി സെക്രട്ടറി വളർമതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവും ഒൻപതാം ദിവസത്തിലെത്തി.
സിജെപി, ഐസ തുടങ്ങിയ യുവജന സംഘടനകളുടെയും പിന്തുണ സമരസമിതിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ നീക്കം.
നിയമന ആവശ്യം അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉദ്യോഗാർത്ഥികൾ സമരം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.




