കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
കേസ് പരിഗണിക്കുന്നതിനിടെ ടി.ബി. മിനി കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നാണ് ഹർജിക്കാരിയുടെ വാദം.
2026 ജനുവരി 12-ന് നടത്തിയ പരാമർശം തന്റെ തൊഴിൽപരമായ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും ഇതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ടി.ബി. മിനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ബി. മിനി അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം അഡ്വക്കറ്റ് ജനറൽ തള്ളുകയായിരുന്നു. തുടർന്നാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെ പരിഗണിക്കും…




