ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിദേശയാത്രാ ആരോപണവുമായി ബിജെപി. ഈ മാസം 16നും 19നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിക്കാൻ പദ്ധതിയിടുന്നതായാണ് ബിജെപി ആരോപിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനുപകരം വിദേശയാത്രകൾക്ക് പ്രാധാന്യം നൽകുകയാണെന്നും ബിജെപി നേതൃത്വം വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം നടത്തുന്നതിനിടെ കഴിഞ്ഞ മാസം രാഹുൽ ഗാന്ധി തായ്ലൻഡ് സന്ദർശിച്ചത് നേരത്തെയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. മോദിയുടെ വിദേശയാത്രകൾക്ക് വിദേശശക്തികളുടെ പിന്തുണയുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വിദേശബന്ധങ്ങളും യാത്രകളും ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ഏറ്റവും ഒടുവിൽ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
രാഹുൽ ഗാന്ധിക്ക് രാജ്യത്ത് നിൽക്കാൻ പോലും സമയമില്ലെന്നും വോട്ട് മോഷണ ആരോപണങ്ങളേക്കാൾ സ്വന്തം രാഷ്ട്രീയ ദൗർബല്യങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം ശ്രദ്ധിക്കേണ്ടതെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ വിദേശസന്ദർശനങ്ങൾ സുതാര്യമാണെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളിൽ ദുരൂഹതയുണ്ടെന്നുമാണ് ബിജെപി നേതാക്കളുടെ വിമർശനം.
രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനങ്ങളെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് വീണ്ടും ശക്തമാകുകയാണ്.




