കോഴിക്കോട്: സംസ്ഥാനത്ത് സർക്കാർ അനുമതിയില്ലാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ്. സർക്കാർ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ലൈസൻസ് അനുവദിച്ചത് അധികാര ലംഘനമാണെന്ന് പത്രം വിമർശിച്ചു. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്താണ് ഇത്തരം നടപടികളെന്നും ഇത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന ചോദ്യവും മുഖപത്രം ഉയർത്തുന്നു.
സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവം നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സർക്കാർ അറിയാതെ ബാറുകൾക്ക് അനുമതി നൽകാൻ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും അതുവരെ ഇത്തരം തീരുമാനങ്ങൾ ഉണ്ടാകരുതെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.
ഇതിനിടെ, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ രണ്ട് പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ എക്സൈസ് കമ്മീഷണറുടെ നടപടി വിവാദമായി. യുഡിഎഫിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥർ അത് മറികടന്നുവെന്നാണ് ആരോപണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു മുന്നറിയിപ്പും നൽകിയിരുന്നു.
എറണാകുളത്തും കോട്ടയത്തും ബിയർ പാർലറുകൾക്ക് വിദേശമദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ചതിന് പിന്നാലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ലോഞ്ചുകളിലും രണ്ട് പുതിയ ബാറുകൾക്ക് അനുമതി നൽകിയ വിവരം പുറത്തുവന്നത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് നൽകിയ അപേക്ഷ പരിഗണിച്ച് എഫ്എൽ-7 വിഭാഗത്തിലുള്ള ലൈസൻസുകളാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവു അനുവദിച്ചത്. ജൂൺ 22ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഉത്തരവുകളും പുറപ്പെടുവിച്ചത്.
അതേസമയം, നെടുമ്പാശ്ശേരിയിൽ തന്നെ ബാലാജി കാറ്റേഴ്സ് നൽകിയ മറ്റൊരു എഫ്എൽ-7 ലൈസൻസ് അപേക്ഷ സർക്കാരിന്റെ പരിഗണനയിലെത്തിയപ്പോൾ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതോടെ ഒരേ വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതും ചർച്ചയായി.
ജൂണിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾക്കുള്ള ബാർ അനുമതികളല്ലെന്നും മുഖ്യമന്ത്രി ചെയർമാനായ സിയാലിന്റെ അപേക്ഷ പരിഗണിച്ചാണ് വിമാനത്താവളത്തിലെ ആഭ്യന്തര ലോഞ്ചുകളിൽ അനുമതി നൽകിയതെന്നുമാണ് എക്സൈസ് കമ്മീഷണറുടെ വിശദീകരണം. എന്നാൽ, ലൈസൻസ് അനുവദിച്ച വിവരം അറിയില്ലെന്ന മന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കുന്നത് സർക്കാരിനെയും എക്സൈസ് വകുപ്പിനെയും പ്രതിരോധത്തിലാക്കുകയാണ്. നയപ്രഖ്യാപനം വൈകുന്നതും ഭരണതലത്തിലെ ആശയക്കുഴപ്പവും വിവാദം കൂടുതൽ ശക്തമാക്കുന്നുണ്ട്.




