തിരുവനന്തപുരം: മണ്ണ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ടെന്ന ആരോപണത്തിൽ ഡിവൈഎസ്പി അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡിവൈഎസ്പി നന്ദകുമാർ, എസ്.ഐ സുമേഷ് രാജ്, എസ്.സി.പി.ഒ ജിനു, ജി.എ.എസ്.ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.
നേരത്തെ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി നന്ദകുമാർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർവീസിൽ തിരിച്ചെത്തിയത്. ഉദ്യോഗസ്ഥർ റൗഡി പട്ടികയിലുള്ള ശരത്തുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെയും ഡിജിപിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ-മണ്ണ് മാഫിയ സംഘങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്.


