തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വന്ദേമാതരം അവസാനിക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതും ചടങ്ങിൽ ശ്രദ്ധേയമായി.
ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവരും മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. എന്നാൽ കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും ദേശീയ ഗാനം പൂർണമായി ആലപിക്കുന്നത് വരെ വേദിയിൽ എഴുന്നേറ്റുനിന്നു.
സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ മുള്ളേരിയയിലെ ചടങ്ങിൽ പാടാനെത്തിയവർ ദേശീയ ഗീതം മുഴുവനായി ആലപിക്കുകയായിരുന്നു. ഇത്തരത്തിൽ പാടുമെന്ന് സംഘാടകർക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് വിശദീകരണം.
ചടങ്ങിനിടെ തന്നെ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് വിവരം. പരിപാടി അവസാനിച്ചതിന് പിന്നാലെ സംഘാടകരോടും ഇക്കാര്യത്തിലുള്ള അതൃപ്തി മന്ത്രി അറിയിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നേരത്തെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണ്.
എന്നാൽ സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുള്ളേരിയിലെ ചടങ്ങിലുണ്ടായ സംഭവം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.


