മലപ്പുറം: ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ നടപടികൾക്ക് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ മലപ്പുറം പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. അസം നാഗോൺ സ്വദേശി അലീമുൽ ഹഖിനെയാണ് കോയമ്പത്തൂർ ജില്ലയിലെ തൊണ്ടമുതൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടും ഇയാൾ എത്തിയില്ല. ഇതോടെ മഞ്ചേരി സ്പെഷ്യൽ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതി തമിഴ്നാട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. തൊണ്ടമുതൂരിൽ നടത്തിയ പരിശോധനയിലാണ് അലീമുൽ ഹഖിനെ പിടികൂടിയത്. തുടർ നിയമനടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കി.


