ബെംഗളൂരു: നഗരത്തിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പാദരായണപുര സ്വദേശിയായ സെയ്ദ് അജി മുഹമ്മദ് (45) ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിൽപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബെംഗളൂരുവിലെ വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് സംഭവം. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന സെയ്ദ്, ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്നാണ് വീരണ്ണ ഗുട്ടയിലെത്തിയത്. തുടർന്ന് ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയ അക്രമികൾ കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം തീകൊളുത്തുകയായിരുന്നു.
തീ പടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റ സെയ്ദ് കുന്നിൻ മുകളിൽനിന്ന് താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു. ഇതുവഴി കടന്നുപോയ നാട്ടുകാരും യാത്രക്കാരുമാണ് റോഡിൽ പൊള്ളലേറ്റ് കിടന്നിരുന്ന ഇയാളെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സെയ്ദിനെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, വീരണ്ണ ഗുട്ടയിലെ ആളൊഴിഞ്ഞ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


