ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നാണ് നിർദേശം. വാട്സ്ആപ്പ് വെബ് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയത്. സജീവമായ വാട്സ്ആപ്പ് വെബ് സെഷനുകൾ വഴി അക്കൗണ്ട് ഉടമ അറിയാതെ സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ സൈബർ കുറ്റവാളികൾക്ക് കഴിയുമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്ന് കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുവായ കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ജോലി കഴിഞ്ഞാൽ നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. ഉപയോഗശേഷം അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാതെ വിടുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.


