തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. മാക്കുട്ടി റാവുത്തർ എന്ന 70കാരനാണ് മരിച്ചത്. ഈ മാസം 16നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണപ്പെട്ട് ഏകദേശം 36 മണിക്കൂറിന് ശേഷമാണ് അധികൃതർ വിവരം അറിഞ്ഞത്. ഒന്നര ദിവസത്തോളം മൃതദേഹം ശുചിമുറിയിൽ കിടന്നു.
രോഗിയെ വാർഡിൽ നിന്ന് കാണാതായതിനെ തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 19നാണ് രോഗിയെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 21ന് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. പിന്നീട് റാവുത്തറിന്റെ കുടുംബത്തെ കണ്ടെത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.




