ബെംഗളൂരു∙ കേരളത്തിനും മലയാളികൾക്കുമെതിരെ അധിക്ഷേപ പരാമർശവുമായി കർണാടകയിലെ മുൻ എംപി. മലയാളികളെത്തി കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണെന്ന് മൈസൂരു മുൻ എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ പറഞ്ഞു. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നതല്ലാതെ മറുനാട്ടിലെത്തിയാൽ അത് കാണാനില്ലെന്നുമാണ് കേരളത്തെ ആക്ഷേപിച്ച് പ്രതാപ് സിംഹ പറഞ്ഞു. കുടകിൽ നടന്ന ഹോക്കി ചാപ്യംൻഷിപ്പ് ഉദ്ഘാടനം ചെയ്യവേയാണ് പ്രതാപ് സിംഹയുടെ അധിക്ഷേപ വർഷം.
‘കർണാടകയിൽ മലയാളികളുടെ തോന്ന്യവാസമാണ് നടക്കുന്നത്. ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറി. കുടകിൽ അവരുടെ തോന്ന്യവാസം അരങ്ങേറുകയാണ്. കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ല. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെത്തിയാൽ അത് കാണാനില്ല.’–പ്രതാപ് സിംഹ പറഞ്ഞു. പ്രതാപ് സിംഹയുടെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.പതിവായി വിവാദങ്ങളിൽപ്പെടുന്ന നേതാവാണ് ഇയാൾ. നേരത്തെ, കഴിഞ്ഞ വർഷത്തെ വിനായക ചതുർഥി ആഘോഷത്തിനിടെ പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തതിനും ദലിത് വിരുദ്ധ പരാമർശം നടത്തിയതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.




