കാലാകാലങ്ങളായി മുന്നണി ഏതാണെങ്കിലും പത്തനാപുരത്തെ എംഎൽഎ ഗണേഷ് കുമാർ തന്നെയാകറുണ്ട്. മണ്ഡലത്തിൽ ഉടനീളം അത്രത്തോളം ബന്ധങ്ങൾ ഗണേഷ് കുമാറിന് ഉണ്ട്. പത്തനാപുരം തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴൊക്കെ പാർട്ടിയും മുന്നണിയും നോക്കാതെ ഗണേഷ് കുമാർ എന്ന വ്യക്തിയെ നോക്കി മാത്രം വോട്ട് ചെയ്യുന്നവരാണ് പത്തനാപുരത്തെ ജനങ്ങൾ. പിതാവ് ആർ ബാലകൃഷ്ണപിള്ളയെ പോലെ അത്രത്തോളം സ്വീകാര്യത ഗണേശനും ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവേ കേരളത്തിൽ ഇനി തുടർഭരണത്തിന് സാധ്യതയില്ലെന്ന് എല്ലാവരും വിലയിരുത്തുമ്പോൾ വീണ്ടും മന്ത്രിയായി തുടരുന്നതിന് യുഡിഎഫ് പാളയത്തിലേക്ക് പോകുന്നതിനുള്ള ആലോചനകൾ ഗണേഷ് കുമാർ തുടങ്ങിയെന്നാണ് അറിയുവാൻ കഴിയുന്നത്.
യുഡിഎഫ് എടുക്കുമോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ. ഏറെക്കുറെ മുന്നണി വിടാൻ മാനസികമായി തയ്യാറെടുത്ത ഗണേഷ് കുമാറിന്റെ നീക്കങ്ങളെ സിപിഎം നേതൃത്വം ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഗണേശൻ അത്തരത്തിൽ മുന്നണി മാറി യുഡിഎഫ് പാളയത്തിൽ സ്ഥാനാർത്ഥിയായാൽ നടനും സിപിഎമ്മുകാരനുമായ ഭീമൻ രഘുവിനെ അവതരിപ്പിക്കുവാനാണ് ഇടത് നേതൃത്വം ആലോചിക്കുന്നത്. ദീർഘകാലത്തോളം അദ്ദേഹം ബിജെപിക്കൊപ്പം ആയിരുന്നു. ഒരുതവണ പത്തനാപുരത്ത് തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. 2023 ജൂലൈയിലാണ് അദ്ദേഹം ബിജെപി വിട്ട് സിപിഎമ്മിലേക്ക് കയറുന്നത്. ചിന്തിക്കുന്നവർക്ക് ബിജെപിയിൽ നിൽക്കാനാകില്ലെന്നും കേരളത്തിൽ ബിജെപിയ്ക്ക് വളരാനാകില്ലെന്നും ഭീമൻ രഘു അന്ന് പറഞ്ഞിരുന്നു. സിപിഎമ്മിൽ വരാനുള്ള കാരണമെന്ന് പറയുന്നത് മൂന്ന് അടിസ്ഥാനപരമായ തീരുമാനങ്ങളുള്ള പാർട്ടിയാണെന്നതായിരുന്നു അന്നത്തെ ഭീമൻ രഘുവിന്റെ പ്രസ്താവന.
മൂന്നാമതും പിണറായി വിജയന്റെ സർക്കാർ വരുമെന്നും അതിന് യാതൊരു തർക്കവുമില്ലെന്നുമുള്ള ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിൽ എന്റെ ചുമതല എന്താണെന്ന് അറിയില്ലെന്നും പിണറായി വിജയൻ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവർത്തിക്കുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചുമതല എന്താണെന്ന് പോലും അറിയാത്ത ഭീമൻ രഘുവിനെ തേടിയാണ് പത്തനാപുരത്തെ സ്ഥാനാർത്ഥിത്വം വരുവാൻ പോകുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റ് നിന്നത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്ക് വഴി വച്ചതായിരുന്നു. വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് പിന്നീട് പറയുകയും ചെയ്തിരുന്നു. അച്ഛനോടുള്ള സ്നേഹം മുഖ്യമന്ത്രിയോട് തോന്നിയെന്ന് ഒരു പടിക്കുകൂടി അപ്പുറത്തേക്കും ഭീമൻ രഘു അന്ന് പറഞ്ഞു വച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്. സിപിഎമ്മിലേക്ക് അംഗത്വം സ്വീകരിച്ച ശേഷം അന്ന് താരം എകെജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന ഗാനവും ആലപിച്ചുകൊണ്ടായിരുന്നു.






