തിരുവനന്തപുരം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് ഫ്ലെക്സ് ബോർഡ്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ബോർഡിൽ, എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്‍റ് വേണമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകൾ ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ മാത്യു കുഴൽനാടൻ എംഎൽഎയും പരിഗണനയിൽ ഉണ്ടെന്ന് പറയുന്നു. രമേശ് ചെന്നിത്തല പക്ഷവും ജോസഫ് വാഴക്കൻനെ പിന്തുണയ്ക്കുന്നതായി സൂചനയുണ്ട്. കെപിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ ഫ്ലെക്സ് ബോർഡ് വിവാദം ഉയർന്നിരിക്കുന്നത്.






