തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജലസംഭരണിയിൽ മുങ്ങിമരിച്ചു. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമപ്രായക്കാരായ രണ്ട് യുവതികളെ നാട്ടുകാർ രക്ഷപ്പെടുത്തി.
വരവൂർ നടുവട്ടത്തുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നിനെത്തിയ ഹസ്ന, ബന്ധുക്കളായ രണ്ട് യുവതികൾക്കൊപ്പം ഞായറാഴ്ച ഉച്ചയ്ക്കുശേഷം സമീപത്തെ പാടശേഖരത്തിലെ ജലസേചനത്തിനായി ഉപയോഗിക്കുന്ന ജലസംഭരണിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ മൂന്നുപേരും വെള്ളത്തിൽ മുങ്ങി.
നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രണ്ട് യുവതികളെ രക്ഷപ്പെടുത്തിയെങ്കിലും ഹസ്നയെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




