കൊച്ചി: കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച് കാട്ടാനയെ കൊന്ന സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രൻ (65) ആണ് കേസിൽ പിടിയിലായത്. വന്യജീവികൾക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വനം വകുപ്പ് അറിയിച്ചു. ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആന ചത്തതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും വനം വകുപ്പ് അറിയിച്ചു.






