സംഭാല്‍: ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിൽ ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കഹ്കാൻഷ (30) എന്ന യുവതിയെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്.
2025 മാർച്ച് 7-ന് നഖാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് മുഫസറിന്റെ മുഖത്താണ് യുവതി ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ മുഖം ഗുരുതരമായി വികൃതമാവുകയും ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു.
കോടതി രേഖകൾ പ്രകാരം, മുഫസർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവതി വീണ്ടും ആസിഡ് ഒഴിച്ചുവെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നുമാണ് കണ്ടെത്തൽ. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗോപാൽ ജി ആണ് ശിക്ഷ വിധിച്ചത്.
വിവാഹേതര ബന്ധം സംബന്ധിച്ച തർക്കങ്ങൾ ഇരുവരും തമ്മിൽ നിരന്തരം ഉണ്ടായിരുന്നുവെന്നും ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നും കേസിൽ വ്യക്തമാക്കുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.






