കൊച്ചി: കൊച്ചി കലൂരിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. കലൂർ പ്രദേശത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. താമസസ്ഥലത്തിന് സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ റോഡരികിൽ നിന്നിരുന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചതായി പെൺകുട്ടികൾ പരാതിപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായതെന്നാണ് ആരോപണം.
ഏകദേശം 11 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. യുവാക്കൾ പെൺകുട്ടികളെ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറുകയും മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തേക്ക് തള്ളാൻ ശ്രമിക്കുകയും ചെയ്തതായി പെൺകുട്ടികൾ മൊഴി നൽകി. ആക്രമണത്തിൽ ഒരാൾക്ക് കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. വസ്ത്രം വലിച്ചുകീറാനും സംഘത്തിലെ ചിലർ ശ്രമിച്ചതായും പരാതിയിലുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി നടപടികൾ പുരോഗമിക്കുകയാണ്.






