ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണൽ ശരണ്യ ജി.എസ്. (36) ആണ് കാണാതായത്. തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. കുടകിലെ ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനായിരുന്നു ശരണ്യ എത്തിയിരുന്നത്. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിന് സമീപമുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം.
അന്ന് രാവിലെ 8:15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യം ഉള്ളതിനാൽ സംഘത്തോടൊപ്പം പോകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, വൈകുന്നേരം സംഘം മടങ്ങിയപ്പോൾ ശരണ്യ ഉണ്ടായിരുന്നില്ല. വഴിതെറ്റിയതായി ശരണ്യ ഫോണിലൂടെ ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചെങ്കിലും പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു.
പോലീസും വനംവകുപ്പും നാട്ടുകാരും ഉൾപ്പെടെ 60 പേരാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഡ്രോണുകളും സ്നിഫർ നായകളും ഉപയോഗിച്ച് പരിശോധന തുടരുകയാണ്. കനത്ത കാടും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നു. സംഭവത്തിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരണ്യ അപകടത്തിൽപ്പെട്ടതാണോ വഴിതെറ്റിയതാണോ എന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണ്.




