കൊല്ലം: വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കൗൺസലിങിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. സന്തോഷ് സുകുമാരൻ (69) ആണ് പിടിയിലായത്. ഇയാൾ മയ്യനാട് സ്വദേശിയാണ്.
പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ആശുപത്രിയിൽ കൗൺസലിങിന് എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ഒറ്റയ്ക്കായി മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസലിങ് എന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പിന്നീട് പെൺകുട്ടി പത്താം ക്ലാസിലെത്തിയ സമയത്ത് നഗ്നചിത്രങ്ങൾ എടുക്കുകയും സ്വന്തം നഗ്നചിത്രങ്ങൾ കാണിച്ചും ഇയാൾ പീഡനം തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദീർഘകാലമായി നിരവധി തവണ കുട്ടി പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു.
കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയായിരുന്നു. ഈ കൗൺസലിങിനിടെയാണ് പെൺകുട്ടി നേരിട്ട പീഡന വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു






